ഇത് നിർമാണത്തിൽ ഉള്ള വെബ്സൈറ്റ് ആണ് .വിവരങ്ങൾ അപൂർണമാണ്
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

 

ചരിത്രവും സാമൂഹ്യ സ്ഥിതിയും

1952-ൽ രാജ്യമെമ്പാടും നിലവിൽ വന്ന നാഷണൽ എക്സ്റ്റൻഷൻ സർവ്വീസ് പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകൾ രൂപം കൊണ്ടു. ഇതിൻ്റെ ഭാഗമായി 1961-62 സാമ്പത്തിക വർഷത്തിൽ പ്രീ-എക്സ്റ്റൻഷൻ ബ്ലോക്ക് എന്ന നിലയ്ക്ക് പുഴയ്ക്കൽ ബ്ലോക്ക് രൂപീകൃതമായി. ഒരു വർഷകാലാവധിയും ഒരു ലക്ഷം രൂപ ഫണ്ടുമായി ആരംഭിച്ച ബ്ലോക്ക് പിന്നീട് എൻ.ഇ.എസ്. ബ്ലോക്കായി ഉയർത്തുകയുണ്ടായി.

പുഴയ്ക്കൽ ആസ്ഥാനമായി ശ്രീ കുന്നത്തത് (തച്ചപ്പിളളി) മാധവ മേനോൻ്റെ കെട്ടിടത്തിലാണ് ബ്ലോക്ക് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഓഫീസ് മുതുവറയിലും തുടർന്ന് പുറനാട്ടുകരയിലുമുള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയുണ്ടായി. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി നാമമാത്രമായ വിലയ്ക്ക് പുറനാട്ടുകരയിൽ ശ്രീ ആലപ്പാട്ട് ജോസഫ് മാസ്റ്ററിൽ നിന്നും 1.46 ഏക്കർ സ്ഥലം വാങ്ങി ആസ്ഥാന മന്ദിരം നിർമ്മിക്കുകയും 1968-ൽ അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുകയും നിലവിലുള്ള കെട്ടിട സമുച്ചയത്തിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു.

ആരംഭത്തിൽ അടാട്ട്, അവണൂർ, അരിമ്പൂർ, അയ്യന്തോൾ, കൈപ്പറമ്പ്, തോളൂർ എന്നീ പഞ്ചായത്തുകളാണ് ബ്ലോക്കിൽ ഉൾപ്പെട്ടിരുന്നത്. പിന്നീട് അവണൂർ ഗ്രാമപഞ്ചായത്ത് വിഭജിച്ച് കിള്ളന്നൂർ പഞ്ചായത്തായും പിന്നീട് മുളങ്കുന്നത്തുകാവ് പഞ്ചായത്തായും മാറുകയും അവ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭാഗമായി തുടരുകയും ചെയ്തു. പിന്നീട് വിവിധ സമയങ്ങളിൽ നടന്ന പുന:സംഘടന പ്രകാരം അരിമ്പൂർ പഞ്ചായത്ത് അന്തിക്കാട് ബ്ലോക്കിലേക്ക് കൈമാറുകയും കോലഴി ഗ്രാമപഞ്ചായത്ത് ഒല്ലൂക്കര ബ്ലോക്കിൽ നിന്നും ഈ ബ്ലോക്കിലേക്ക് കൂട്ടി ചേർക്കുകയും ചെയ്തു. നിലവിൽ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നിങ്ങനെ 6 പഞ്ചായത്തുകളാണ് പുഴയ്ക്കൽ ബ്ലോക്കിൽ ഉൾപ്പെടുന്നത്.

ഇന്ത്യയിലെ തന്നെ സാമൂഹ്യ നവോത്ഥാന രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീരാമകൃഷ്ണാശ്രമം, ശ്രീ ശാരദാമഠം എന്നിവ ബ്ലോക്കിനു സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ബ്ലോക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, ഐ.ഇ.എസ്, വിദ്യ എഞ്ചിനീയറിംഗ് കോളേജുകൾ, അമല മെഡിക്കൽ കോളേജ്, സംസ്കൃതവിദ്യാപീഠം, ചിന്മയാ മിഷൻ്റെ കോളേജുകളും സ്കൂളുകളും വെസ്റ്റ്ഫോർട്ട് ട്രെയിനിംഗ് കോളേജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ബ്ലോക്ക് പ്രദേശത്ത് പ്രവർത്തിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന "കില" (KILA) ഈ ബ്ലോക്ക് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

വിലങ്ങൻകുന്ന്, പൂമല ഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഈ ബ്ലോക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. പുഴയ്ക്കൽ റിവറാണ് ഈ പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാന ജലസ്രോതസ്സ്. കോൾ നിലങ്ങളുള്ള അടാട്ട്, തോളൂർ, കൈപ്പറമ്പ് പഞ്ചായത്തുകൾ തൃശ്ശൂർ ജില്ലയിലെ നെല്ലുല്പാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.